ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം (Geographical Diversity of India): മത്സര പരീക്ഷകളിലെ ഒരു സ്ഥിരം വിഷയമാണ് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ (Geographical Diversity of India). ഭൂപ്രകൃതി, നദികൾ, വനങ്ങൾ, കാലാവസ്ഥ എന്നിവയിലാണ് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം കാണപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ ചില സവിശേഷതകളാണ് ഈ വൈവിധ്യത്തിന്റെ കാരണം. ഈ ഭാഗത്ത് വരുന്ന പ്രധാന വൈവിധ്യങ്ങൾ നമുക്കൊന്ന് നോക്കാം.
ഭൂപ്രകൃതി (The Nature)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ബൃഹത്തും ശക്തവുമായ രാഷ്ട്രമാണ് ഇന്ത്യ. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ വലിപ്പത്തിൽ ലോകത്തിൽ ഏഴാം സ്ഥാനമാണു ഇന്ത്യയുള്ളത്. ഇന്ത്യയുടെ മൊത്തം വിസ്തീരണം 32,87,263 ചതുരശ്ര കിലോമീറ്ററാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ കരയതിർത്തി (Land frontier) യുടെ ദൈർഘ്യം 15,200 കിലോമീറ്ററും സമുദ്രാതിർത്തി (coast line) യുടെ ദൈർഘ്യം 7516.6 കിലോമീറ്ററുമാണ്. തെക്കുവടക്കായി ഇന്ത്യയുടെ നീളം 3,214 കിലോമീറ്ററും കിഴക്കുപടിഞ്ഞാറായി വീതി 2,933 കിലോമീറ്ററുമാണ്.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പാക്കിസ്ഥാനാണ്. വടക്കു വശത്തു ഹിമാലയവും ചൈനയും നേപ്പാളും ഇന്ത്യയ്ക്ക് അതിരിടുന്നു. വടക്കു കിഴക്കായി ഹിമാലയൻ ഗിരിനിരകളും ചൈനയിലെ യുനാൻ പ്രദേശവും മ്യാൻമറും സ്ഥിതിചെയ്യുന്നു. ബംഗ്ലാദേശും (Bengladesh) ബംഗാൾ ഉൾക്കടലു (Bay of Bengal) മാണു കിഴക്കുഭാഗത്ത അതിർത്തികൾ. തെക്ക് ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും ഇന്ത്യയ്ക്ക് അതിരിടുന്നു. പാക് കടലിടുക്കും (Palk Strait) മന്നാർ ഉൾക്കടലും (Gulf of Mannar) ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്നു. ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തു നിന്നും 220 മുതൽ 440 കിലോമീറ്റർ വരെ അകലെയായി അറബിക്കടലിൽ ചിതറിക്കിടക്കുന്ന ലക്ഷദ്വീപ് സമൂഹവും (Lakshadweep Islands) ഇന്ത്യയുടെ കിഴക്കേതീരത്തുനിന്നും 1255 കിലോമീറ്റർ ദൂരെയായി ബംഗാൾ ഉൾക്കടലിലുള്ള ആൻഡമാൻ-നിക്കോബാർ ദ്വീപുകളും (Andaman-Nicobar Islands) ഇന്ത്യയുടെ ഭാഗങ്ങളാണ്. ലക്ഷദ്വീപുസമൂഹത്തിൽ മുപ്പത്താറു ദ്വീപുകളാണുള്ളത്. ആൻഡമാൻ-നിക്കോബർ ദ്വീപുസമൂഹത്തിലാകട്ടെ മൂന്നുറിലധികം ദ്വീപുകളുണ്ട്. സൈനികപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ ദ്വീപുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രാജ്യരക്ഷാപരമായി ഇന്ത്യയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതിനു വളരെ നിർണായകമാണ്.
ഇന്ത്യയുടെ ഭൂവിഭാഗത്തെ പ്രധാനമായി നാലായി തരം തിരിക്കാം. താഴെ കൊടുത്തിരിക്കുന്നവയാണ് ആ ഭൂവിഭാഗങ്ങൾ.
- ഹിമാലയൻ പർവതനിരകൾ
- സിന്ധു-ഗംഗാ സമതലം
- ഡക്കാൺ പീഠഭൂമി
- തീരപ്രദേശം
ഹിമാലയൻ പർവതനിരകൾ (The Himalayan Ranges)
ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ഒരു നെടുങ്കോട്ട പോലെ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തെ വേർതിരിച്ചു നിർത്തുന്ന പർവതപംക്തിയാണ് ഹിമാലയം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് സവിശേഷമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യുന്നത് ഹിമവാനാണ്. ഇന്ത്യക്കാരുടെ ഇതിഹാസങ്ങളിലും മിത്തുകളിലും സ്വപ്നങ്ങളിലും ഹിമാലയം ഒരു ജീവസ്സുറ്റ ശക്തിഘടകമായി നിലകൊള്ളുന്നു. ഹിമാലയൻ ഗിരിനിരകൾക്ക് 2400 കിലോമീററിലധികം നീളവും 320 കിലോമീറ്ററിലധികം വീതിയുമുണ്ട്. ഹിമാലയൻ മലമടക്കുകളിൽ നിന്നും ഉറവയെടുത്തവയാണ് ഇന്ത്യയുടെ ഹരിതനിലങ്ങളിൽ ജീവജലമെത്തിക്കുന്ന പ്രധാന നദികൾ എല്ലാം തന്നെ.
സിന്ധു-ഗംഗാ സമതലം (The Indo-Gangetic Plain)
ഹിമാലയൻ പർവതപ്രദേശങ്ങൾക്കും വിന്ധ്യ, സത്പുര ഗിരിനിരകൾക്കും മധ്യേയുള്ള ശാദ്വലഭൂമിയാണ് സിന്ധു-ഗംഗാസമതലം. ഹിമാലയത്തിൽ നിന്നും ഉറവപൊട്ടുന്ന സിന്ധു, ഗംഗാ, ബ്രഹ്മപുത്രാ നദികളുടെയും അവയുടെ പോഷകനദികളുടെയും തീരഭൂമിയാണ് സിന്ധു-ഗംഗാ സമതലം. ഈ നദികളിലൂടെ ഊറിവരുന്ന എക്കൽ മണ്ണ് സമതലത്തെ ഫലഭൂയിഷ്ടമാക്കുന്നു. സിന്ധു-ഗംഗാ സമതലത്തിനു 2414 കിലോമീറ്റർ ദൈർഘ്യവും 320 കിലോമീറ്റർ വീതിയുമുണ്ട്. നെല്ല്, ഗോതമ്പ് മുതലായ ധാന്യങ്ങൾ ഏറ്റവും കൂടുതൽ വിളയുന്നതും സിന്ധു-ഗംഗാതടങ്ങളിലാണ്.
ഒരു ഗതകാലസംസ്കാരത്തിന്റെ മൗനനൊമ്പരങ്ങൾ ഉള്ളിൽ പേറുന്ന തീരഭൂമിയാണ് സിന്ധു-ഗംഗാ നദീതടം. സിന്ധുവിന്റെയും ഗംഗയുടെയും തടങ്ങളിൽ തിടം വെച്ച ഒരു പ്രാക്തന ചരിത്രത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവുമായി ഋഷിപ്രോക്തമായ ഭാരതം ലോകസംസ്കാരത്തിന്റെ വിസ്മരിക്കപ്പെട്ട ഒരു നെടുംതൂണായി നിലകൊള്ളുന്നു. ആദിദ്രാവിഡരോ ആര്യന്മാരോ ജന്മം കൊടുത്തതെന്ന് ഇനിയും പരിപൂർണമായി വ്യവച്ഛേദിക്കപ്പെട്ടിട്ടില്ലാത്ത, മനു കലത്തിന്റെ ആദിസംസ്കൃതിയിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതപ്പെടുന്ന ഒരു സംസ്കാരം സിന്ധു-ഗംഗാതടത്തിലെ ഹാരപ്പയിലും മോഹഞ്ചദാരോവിലും (Harappa-Mohenjodaro) മുളപൊട്ടുകയുണ്ടായി. സ്വച്ഛന്ദമായ ഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷത്തെ ഗായത്രീ മന്ത്രങ്ങൾ കൊണ്ടും ഋക്വേദ സൂക്തങ്ങൾകൊണ്ടും ഭക്തിയുടെയും മോക്ഷത്തിന്റെയും സ്വപ്നഭൂമിയാക്കിത്തീർത്ത, വേദങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യജീവിതത്തെത്തന്നെ ആദ്ധ്യാത്മികതയുടെ പരകോടിയാക്കിത്തീർത്ത വേദസംസ്കാരവും (Vedic Culture) രൂപംകൊണ്ടത് സിന്ധു-ഗംഗാതടത്തിലാണ്.
ഇന്ത്യ എന്ന പേരിന്റെ ഉറവിടം സിന്ധുനദിയാണ്. പുതിയ ശാദ്വലങ്ങൾ തേടി മധ്യേഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയ ആദ്യകാല ആര്യൻ കുടിയേറ്റക്കാരാണ് ആ നദിക്ക് സിന്ധു(Sagar or a huge sheet of water) വന്ന് പേര് നൽകിയത്. മധ്യേഷ്യയിൽനിന്നും ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ പുറപ്പാടിൽ സിന്ധുവെപ്പോലെ ഒരു മഹാനദി അവർ ആദ്യമായി കാണുകയായിരുന്നു. അവർ അതിനെ സിന്ധു (സാഗരം) എന്നു വിളിച്ചു. 518 B.C യിൽ പേർഷ്യൻ ചക്രവർത്തിയായ ഡാരിയസ് (Darius) സിന്ധുനദീതട താഴ്വര പിടിച്ചെടുത്തതോടെ ‘സിന്ധു’ ‘ഹിന്ദു’ എന്നറിയപ്പെട്ടുതുടങ്ങി. ‘സ’ എന്ന അക്ഷരം പേർഷ്യൻ ഉച്ചാരണത്തിനു വഴങ്ങാത്തതായിരുന്നു. ഇതിന്റെ കാരണം. എന്നാൽ, ഗ്രീക്കുകാരുടെ വരവോടെ ഹിന്ദു (Hindu) എന്നത് ഇൻഡസ് (Indus) എന്ന് ഉച്ചരിക്കപ്പെടുവാൻ തുടങ്ങി. ഇൻഡസ് എന്നതിൽ നിന്നുമാണ് ഇൻഡ്യ (India) എന്ന നാമം രൂപം കൊണ്ടത്.
ഡെക്കാൺ പീഠഭൂമി (The Decan Plateau)
മധ്യേന്ത്യ മുതൽ ദക്ഷിണേന്ത്യ വരെ ഏകദേശം ത്രികോണാകൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഉന്നതതടമാണ് ഡെക്കാൺ പീഠഭൂമി. വിന്ധ്യ, സത്പുര ഗിരിനിരകൾ ഉത്തരഭാഗത്തും പശ്ചിമഘട്ടവും പൂർവഘട്ടവും പടിഞ്ഞാറു ഭാഗത്തും കിഴക്കു ഭാഗത്തും ഇതിനു അതിരിടുന്നു. പടിഞ്ഞാറു നിന്നും കിഴക്കോട്ടു ചെരിഞ്ഞാണ് ഈ പീഠഭൂമിയുടെ കിടപ്പ്. മഹാനദി, ഗോദാവരി, കാവേരി, കൃഷ്ണ എന്നീ നദികൾ പീഠഭൂമിയെ ഒരു വിളഭൂമിയാക്കിത്തീർക്കുന്നു. ആന്ധ്രയിലെയും തമിഴ്നാട്ടിലെയും വിശാലമായ നെൽവയലുകളിൽ നനവിന്റെ നാമ്പുകൾ എത്തിക്കുന്നത് ഈ നദികളാണ്. ഡെക്കാനിലെ കരിമണ്ണ് (Black Soil) പരുത്തി കൃഷിക്ക് (Cotton farming) വളരെ അനുയോജ്യമാണ്.
തീരപ്രദേശം (The Coastal Region)
പശ്ചിമഘട്ടത്തിനും (Western Ghat) പൂർവഘട്ടത്തിനും (Eastern Ghat) പടിഞ്ഞാറും കിഴക്കുമായി ഏകദേശം 6100 കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന സമുദ്രതീരമാണ് തീരപ്രദേശം. തമിഴ്നാടുമുതൽ ഒറീസ്സ വരെ നീണ്ടുകിടക്കുന്ന ഇന്ത്യയുടെ കിഴക്ക് തീരം കോറമാൻഡൽ പ്രദേശം (Coramandel Region) എന്നറിയപ്പെടുന്നു. കേരളം മുതൽ ഗുജറാത്തുവരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ പടിഞ്ഞാറെ തീരം മലബാർ തീരമെന്നും (Malabar coast) കൊങ്കൺ പ്രദേശമെന്നും (Kokan Region) അറിയപ്പെടുന്നു. മത്സ്യബന്ധനത്തിനും നാവികപ്രവർത്തനങ്ങൾക്കുമുള്ള ഒട്ടനവധി തുറമുഖങ്ങൾ ഈ തീരങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഫലഭൂയിഷ്ഠമായ ഈ തീരഭൂവിൽ കാർഷികവൃത്തിയിലും മത്സ്യബന്ധനത്തിലും വ്യാപാരത്തിലുമേർപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.
നദികൾ (The Rivers)
മഹാനദികളും പുഴകളും എണ്ണമറ്റ തോടുകളും ഇന്ത്യയുടെ വിളഭൂമികളെ എന്നും സമ്പന്നമാക്കുന്നു. ഇന്ത്യയിലെ മഹാനദികൾ ഹിമാലയത്തിൽ നിന്നും ഡെക്കാണിൽനിന്നും ഉറവയെടുക്കുന്നവയാണ്. സിന്ധു (Indus), ഗംഗ (The Ganges), ബ്രഹ്മപുത്ര (Brahmaputra) മഹാനദി, ഗോദാവരി എന്നിവയാണ് പ്രധാന മഹാനദികൾ. ഇവയിൽ ഹിമവാനിൽ നിന്നും ഉറവപൊട്ടുന്നവയായ സിന്ധു അറബിക്കടലിലും ഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിലും പതിക്കുന്നു. ഡെക്കാണിൽ നിന്നും ഉദ്ഭവിക്കുന്നവയായ മഹാനദിയും ഗോദാവരിയും ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. കൃഷ്ണ, നർമദ, കാവേരി എന്നിവയും പ്രാധാന്യമർഹിക്കുന്ന നദികളാണ്. ഈ നദികളുടെ പോഷകനദികളും കൈവഴികളും ഇവയുടെ തടപ്രദേശങ്ങളെ അത്യന്തം ഹരിതാഭമാക്കുന്നു. ഇവയ്ക്കു പുറമേ അനവധി പുഴകളും തോടുകളും വർഷകാലങ്ങളിൽ കൂലം കുത്തിപ്പാഞ്ഞും വേനലറുതികളിൽ വറ്റിവരണ്ടും ഓടിയും തളർന്നും മുന്നോട്ടു നീങ്ങുന്ന ഇന്ത്യൻ ഗ്രാമജീവിതത്തിനു സമാന്തരമെന്നോണം മുന്നോട്ടൊഴുകുന്നു. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ വേനൽക്കാലത്തും മഞ്ഞുരുകി ജലസമൃദ്ധമായിരിക്കും. ജലസേചനം (Irrigation), വൈദ്യുതിയുല്പാദനം (Generation of Electricity), ഗതാഗതം (Transportation), മത്സ്യബന്ധനം (Fishing) എന്നീ മേഖലകളിൽ ഈ നദികൾക്ക് ഇന്ത്യൻ സാമ്പത്തികമേഖലയെ സംബന്ധിച്ച വമ്പിച്ച പ്രാധാന്യമുണ്ട്.
വനങ്ങൾ (Forest)
പരിസ്ഥിതി സംതുലനത്തിന്റെ (Ecological Balance) മാനദണ്ഡമനുസരിച്ച് ഓരോ രാഷ്ട്രത്തിന്റെയും കരഭൂമിയുടെ 33 ശതമാനം വനപ്രദേശമായിരിക്കണമെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ കരപ്രദേശത്തിന്റെ 23 ശതമാനം വനമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ, സമീപകാലത്തു നടത്തപ്പെട്ട പര്യവേക്ഷണങ്ങളും ഇൻസാറ്റ് (Insat) ഉപഗ്രഹമെടുത്തയച്ച ഇന്ത്യയു ചിത്രങ്ങളും ഇന്ത്യയിലെ വനപ്രദേശത്തിന്റെ വ്യാപ്തി മൊത്തം കരഭൂമിയുടെ 12 ശതമാനത്തിലും താഴെയെത്തിയിരിക്കുന്നു എന്ന നിഗമനത്തിൽ എത്തുന്നതിനും പരിസ്ഥിതിശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥയുടെ സംതുലനാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങൾക്ക് ഗണ്യമായ പങ്കാണുള്ളത്. നിത്യഹരിതവനങ്ങളുടെ ഗർഭഗൃഹത്തിൽ നിന്നുമാണ് നദികളും പുഴകളും ഉറവപൊട്ടുന്നത്. വൻമേടുകളിലെ വനങ്ങൾ വെട്ടിമാറ്റപ്പെടുന്നതോടെ അവിടെനിന്നും ഉത്ഭവിക്കുന്ന നീർച്ചോലകളും അരുവികളും വറ്റി വരളുകയും ചുരുങ്ങിയ കാലത്തിനുള്ളിൽ അവ ഭൂമുഖത്തുനിന്നും തിരോഭവിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ മുഴുവൻ വനങ്ങളും നശിപ്പിക്കപ്പെടുന്നതോടെ ഇവിടത്തെ മിക്ക നദികളും പോയകാലത്തെന്നോ തിരോധാനം ചെയ്ത സരസ്വതീ നദിയെപ്പോലെ മിത്തുകളിലും കഥകളിലും സ്വപ്നങ്ങളിലും മാത്രമവശേഷിക്കുന്നവയായി മാറും. വനഭൂമികളുടെ സമീപപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുളിർമ്മയും തണുപ്പും സമശീതോഷ്ണാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങളുടെ പങ്ക് സുവ്യക്തമാക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിനും സുപ്രധാനമായ പങ്കാണ് വനങ്ങൾക്കുള്ളത്. അസുലഭങ്ങളായ അനവധി വിഭവങ്ങളുടെ അമൂല്യ ഭണ്ഡാഗാരമാണു ഇന്ത്യയിലെ വനങ്ങൾ, തടി, തേൻ, കുന്തിരിക്കം, മുള, ഔഷധച്ചെടികൾ മുതലായവയുടെ അക്ഷയപാത്രമാണ് വനങ്ങൾ. വനങ്ങളുടെ സുപ്രധാനമായ പങ്ക് പരിഗണിച്ച് ഇന്ത്യയിൽ കൂടുതൽ സ്ഥലത്തു വനം വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതികൾ ലോകബാങ്കിന്റെ (International Bank for Reconstruction and Development) സഹായത്തോടെ നടപ്പാക്കുന്നുണ്ട്.
കാലാവസ്ഥ (Weather)
വളരെയധികം വൈവിധ്യമാർന്ന കാലാവസ്ഥയാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്. ഭൂപ്രകൃതിയിലെ വൈവിധ്യമാണ് ഇതിന്റെ പ്രധാന കാരണം. മൺസൂൺ കാലാവസ്ഥയാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്. വടക്ക്-കിഴക്കൻ വാണിജ്യവാതങ്ങൾ ഇന്ത്യൻ കാലാവസ്ഥയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. മാർച്ച് മുതൽ മെയ് വരെയാണ് ഇന്ത്യയിലെ ഉഷ്ണകാലം. ഇത് ഇന്ത്യയിൽ വ്യാപകമായി അനുഭവപ്പെടുന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെ മഴക്കാലമാണ്. തെക്കുപടിഞ്ഞാറൻ മൺസൂണാണ് (South-West Monsoon) ഇക്കാലത്ത് അനുഭവപ്പെടുന്നത്. സെപ്തംബർ മുതൽ നവംബർവരെ വടക്കു-കിഴക്കൻ മൺസൂൺ (North-East Monsoon) അനുഭവപ്പെടുന്നു. കേരളത്തിൽ ഇതു തുലാവർഷമെന്നും അറിയപ്പെടുന്നു. ഇക്കാലത്തു മഴയുടെ ശക്തി കുറഞ്ഞുവരുന്നു. നവംബർ മുതൽ ഫെബ്രുവരി വരെ ശീതകാലമാണ്. ഇക്കാലത്ത് ഇന്ത്യയില്ലായിടത്തും അതിശൈത്യമനുഭവപ്പെടുന്നു.
ഉത്തരായനരേഖ (Tropic of Cancer) പൂർണമായി ഇന്ത്യയിലൂടെ കടന്നു പോകുന്നു. ഇതിന്റെ ഫലമായി പൊതുവെ ഉഷ്ണകാലാവസ്ഥയാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്. ഒരേ സമയത്തുതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തികച്ചും വിപരീതങ്ങളായ കാലാവസ്ഥ അനുഭവപ്പെടുന്നു. ഉത്തരേന്ത്യയിൽ വെള്ളപ്പൊക്കമനുഭവപ്പെടുമ്പോൾ ദക്ഷിണേന്ത്യയിൽ വരൾച്ചയനുഭവപ്പെടുന്നതിന്റെ കാരണം ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽപ്പെടുന്നവയാണ് ചിറാപ്പുഞ്ചിയും ആസ്സാം കാടുകളും. എന്നാൽ, രാജസ്ഥാനിലെ ഥാർ മരുഭൂമി (Thar desert) യിൽ മഴ അത്യപൂർവമാണ്. ഉത്തരേന്ത്യ അതിശൈത്യത്തിന്റെയും മഞ്ഞുവീഴ്ചയുടെയും പിടിയിലമരുമ്പോൾ ദക്ഷിണേന്ത്യയിൽ ശൈത്യം താരതമ്യേന വളരെ കുറവായേ അനുഭവപ്പെടുന്നുള്ളു.
മണ്ണിന്റെ ഘടനയിലും ഫലഭൂയിഷ്ഠതയിലും വളരെയധികം വൈവിധ്യം ഇന്ത്യയിലുടനീളം അനുഭവപ്പെടുന്നുണ്ട്. സിന്ധു-ഗംഗാ സമതലത്തിലും ദക്ഷിണേന്ത്യയിലെ നദീതടങ്ങളിലും ഫലഭൂയിഷ്ഠമായ എക്കൽമണ്ണ് (alluvial soil) കാണപ്പെടുന്നു. ഡെക്കാണിലേതു കരിമണ്ണാണ് (black soil). ഇതു പരുത്തി കൃഷിക്കു വളരെ അനുയോജ്യമാണ്. ഡെക്കാൺ പീഠഭൂമിക്കു കിഴക്കുവശത്ത കോറമാൻഡൽ തീരത്തിനു സമാന്തരമായി ചെമ്മണ്ണ് (red soil) കാണപ്പെടുന്നു. എക്കൽ മണ്ണിനെക്കാൾ ഇതിനു ഫലപുഷ്ടി കുറവാണ്. മധ്യേന്ത്യയിൽ കാണപ്പെടുന്ന കളിമണ്ണു കലർന്ന മണ്ണാണ് ചരൽ മണ്ണ് (Laterite soil). പശ്ചിമഘട്ടത്തിലും പൂർവഘട്ടത്തിലും ആസ്സാമിലും ഈ മണ്ണു കാണാം.
ചുരുക്കത്തിൽ വളരെയധികം വൈവിധ്യവും വൈചിത്ര്യവുമുള്ള ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഇന്ത്യയുടേത്. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഈ വൈവിധ്യത്തിനു നിദാനമായിരിക്കുന്നത്.