പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ! തെളി-
ഞ്ഞെഞ്ചെവി രണ്ടും കുളുർക്കപ്പറക നീ.
നെഞ്ചം തെളിഞ്ഞു കുറുക്കിക്കൊഴുത്ത പാൽ
പഞ്ചതാരപ്പൊടി കൂട്ടിക്കുഴമ്പാക്കി
നല്ല കദളിപ്പഴങ്ങൾ തിരഞ്ഞു ഞാൻ
മെല്ലെത്തിരുമ്മിയുടച്ചു തേനും വീഴ്ത്തി
വെല്ലവും ശർക്കരയും പൊടിച്ചിട്ടതിൽ
വെള്ളിത്തളികയിൽ മേളിച്ചു വെവ്വേറെ
വെച്ചിരിക്കുന്നതെടുത്തു ഭുജിച്ചാലു-
മിച്ഛയാകുന്നതു ദാഹമുണ്ടെങ്കിലോ
നീലക്കരിമ്പിന്റെ ചാറുമിളന്നീരും
പാലും മധുവും കുടിച്ചാലുമാവോളം.
ഭീഷ്മസമാനനരിനിവഹത്തിന്നു
ഭീഷ്മർ ശരശയനത്തിന്മേൽ വീണാറെ
തോറ്റ സുയോധനനാദികളാകിയ
നൂറ്റുപേരെന്തൊന്നു ചെയ്തതു ചൊല്ലു നീ.
ചൊല്ലുവാനാവതില്ലെങ്കിലുമൊട്ടൊട്ടു
ചൊല്ലുന്നതുണ്ടു കനക്കെച്ചുരുക്കി ഞാൻ.
വൻപനാം കർണ്ണനോടാശു സുയോധന -
നൻപോടു സേനാപതിയാക നീയെന്നാൻ.
കർണ്ണനും മന്ദസ്മിതംചെയ്തു ചൊല്ലിനാൻ
കർണ്ണസുഖം ഞാൻ പറകയില്ലാരോടും.
ദ്രോണരാമാചാര്യൻതാനിരിക്കെയെന്തു
മാനിച്ചു മറ്റുള്ളോർ നിർത്തുന്നിതു പട?
മന്നവ! കേൾക്ക ഭരദ്വാജനന്ദന -
നിന്നുള്ള യോദ്ധാക്കളിൽ പ്രബലാധിപൻ
പിന്നെ ഞാൻ പക്ഷേ ഭരിക്കുന്നതുമുണ്ടു,
മന്നവ! സങ്കടമുണ്ടാകയില്ലേതും.
മാനിയായുള്ള സുയോധനൻ ദ്രോണരെ
സേനാപതിയായഭിഷേകവും ചെയ്താൻ.