മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയാണ് ‘വർത്തമാനപ്പുസ്തകം‘. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഇതിന്റെ രചയിതാവ്. സാഹസികമായ റോമായാത്രയുടെ വിവരണമാണ് ഈ പുസ്തകം.
പാറേമ്മാക്കൽ തോമ്മാക്കത്തനാർ (1736-99) മാതൃസഭയായ സുറിയാനി കത്തോലിക്കാ വിഭാഗത്തിൽ ഉണ്ടായ അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കരിയാറ്റിൽ മാർ ഔസേപ്പിനൊപ്പം നടത്തിയ റോമായാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് ‘വർത്തമാനപ്പുസ്തക’ത്തിലെ മുഖ്യപ്രതിപാദ്യം. കടനാട് പള്ളി വികാരിയായിരിക്കെയാണ് 1778-86 കാലത്ത് അദ്ദേഹം റോമിലേക്ക് യാത്ര പോകുന്നത്. കരിയാറ്റിൽ ആലങ്ങാട്ട് സെമിനാരിയിൽ വൈദിക പ്രൊഫസറായിരുന്നു. മാർപാപ്പയെക്കണ്ട് സഭകളുടെ പുനരൈക്യത്തിന്റെ സാധ്യത ആരായുകയായിരുന്നു യാത്രാലക്ഷ്യം.
ഇന്നത്തെ കോട്ടയം ജില്ലയിൽ പാലായ്ക്കു സമീപം കടനാട് ഗ്രാമത്തിൽ 1736 സെപ്റ്റംബർ പത്തിനായിരുന്നു തോമ്മാക്കത്തനാരുടെ ജനനം. സംസ്‌കൃതവും സുറിയാനിയും നന്നേ ചെറുപ്പത്തിൽ വശത്താക്കിയ തോമ്മാക്കത്തനാർ പിന്നീട് സെമിനാരിയിൽ ചേരുകയായിരുന്നു.
1778 മേയ് ഏഴിന് ആലങ്ങാട്ടുനിന്നാണ് സംഭവബഹുലമായ റോമായാത്രയുടെ തുടക്കം. 1778 ഒക്ടോബർ 14-ന് യാത്രാസംഘം മദ്രാസിൽനിന്ന് കപ്പൽ കയറി. ഫ്രഞ്ച് അധീനമേഖലകളായിരുന്ന കാരയ്ക്കൽ, പോണ്ടിച്ചേരി, ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തിരുച്ചിറപ്പള്ളി, ഡച്ചുകാരുടെ നിയന്ത്രണത്തിലുള്ള തരംഗമ്പാടി ഇവയൊക്കെ കടന്നാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാരും കൂട്ടരും മദ്രാസിലെത്തിയത്. അവരുടെ പായ്ക്കപ്പൽ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി തെക്കേ അമേരിക്കയിലെ ബ്രസീൽവഴി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിച്ചേർന്നു. കാറ്റിന്റെ ഗതിയനുസരിച്ചായിരുന്നു പായ്ക്കപ്പലിന്റെ മുന്നോട്ടുള്ള പ്രയാണം. ലിസ്ബണിൽവെച്ച് പോർച്ചുഗീസ് രാജ്ഞിയെയും ഉന്നതരായ മറ്റ് പല വ്യക്തികളെയും സന്ദർശിച്ച് അവർ സംഭാഷണം നടത്തി.
ലിസ്ബണിൽ നിന്ന് പിന്നീടുള്ള യാത്ര റോമിലേക്കായിരുന്നു. 1780 ജനുവരി മൂന്നിന് അവർ റോമിലെത്തി. യാക്കോബായ സഭയിലെ ആറാം മാർ തോമ്മാ മെത്രാനെ മാതൃസഭയിലേക്ക് സ്വീകരിക്കുന്നതിന് ആറാം പീയൂസ് മാർപാപ്പയിൽനിന്ന് അനുവാദം വാങ്ങുകയെന്നതായിരുന്നു പ്രധാന യാത്രാലക്ഷ്യം. മാർപാപ്പയെ അവർ സന്ദർശിക്കുകയും ചെയ്തു. ലിസ്ബൺ വഴിയായിരുന്നു അവരുടെ മടക്കയാത്രയും. അവിടെ വെച്ച് കരിയാറ്റി മൽപാൻ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു. മെത്രാഭിഷേകവും ലിസ്ബണിൽവെച്ച് നടത്തി.
1778 മേയ് ഏഴിന് ആലങ്ങാടുനിന്ന് പുറപ്പെട്ടതു മുതൽ 1786-ൽ തിരിച്ചെത്തുന്നതു വരെയുള്ള എട്ടു വർഷക്കാലത്തെ യാത്രയിലെ അനുഭവങ്ങളാണ് വർത്തമാന പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ന് അത്യന്തം അഭിമാനത്തോടെ നാം പരിഗണിക്കുന്ന ദേശീയബോധം ആദ്യമായി പ്രകടിപ്പിച്ചുകാണുന്ന ആദ്യ മലയാള സാഹിത്യകൃതി വർത്തമാന പുസ്തകമായിരിക്കണം. കേരളസഭയുടെ ഭരണകർത്താക്കൾ വിദേശീയർ ആയിരിക്കരുതെന്ന് പറയുമ്പോഴാണ് ഇന്ത്യയെ ഭരിക്കേണ്ടത് ഇന്ത്യക്കാർ തന്നെ ആയിരിക്കണമെന്ന് അദ്ദേഹം ശക്തി യുക്തം വാദിക്കുന്നത്. സഭയുടെ ഭരണത്തിലെന്ന പോലെത്തന്നെ രാഷ്ര്‌ട ഭരണത്തിലും വിദേശഭരണം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
1786 മേയ് ഒന്നിനാണ് മാർ കരിയാറ്റിയും തോമ്മാ കത്തനാരും ഗോവയിൽ തിരിച്ചെത്തിയത്. പക്ഷേ, അവിടെവെച്ച് 1786 സെപ്റ്റംബർ 10-ന് കരിയാറ്റിൽ മെത്രാപ്പൊലീത്ത അന്തരിച്ചു. അദ്ദേഹം തന്റെ മരണത്തിനുമുൻപ് പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ (അഡ്മിനിസ്ട്രേറ്റർ) ആയി നിയമിച്ചിരുന്നു. 1799 മാർച്ച് 20-ന് തോമ്മാക്കത്തനാരും അന്തരിച്ചു. അപ്പോൾ അദ്ദേഹത്തിന് 63 വയസ്സായിരുന്നു. പാറേമ്മാക്കൽ ഗോവർണദോറുടെ ശവക്കല്ലറ ഇപ്പോഴും രാമപുരം സെൻറ് അഗസ്റ്റിൻസ് ചെറിയപള്ളിയിൽ പരിപാവനമായി സംരക്ഷിച്ചുപോരുന്നു.
തോമാക്കത്തനാർ വർത്തമാനപുസ്തകം രചിച്ച് നൂറ്റമ്പത് വർഷങ്ങൾക്കു ശേഷമാണ് അതിരംപുഴയിലെ സെന്റ് മേരീസ് പ്രസ്സിൽനിന്ന് ഇത് അച്ചടിച്ചത്. കപ്പലിൽവെച്ച് എഴുതിയെന്ന് കരുതുന്ന ഈ യാത്രാ വിവരണത്തിന്റെ കയ്യെഴുത്തു പ്രതി പാറയിൽ തരകന്മാരാണ് സൂക്ഷിച്ചുവെച്ചത്. വർത്തമാന പുസ്തകത്തിന് പ്രൊഫ. മാത്യു ഉലകംതറ നവീന ഭാഷാന്തരം നൽകിയതോടെ ഇത് സാധാരണക്കാർക്കു കൂടി വായനായോഗ്യമായി.
അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം പരുമല തിരുമേനിയുടെ ഉർശലേം യാത്രാവിവരണമാണ് – 1895-ൽ. എങ്കിലും മലയാളത്തിലെ ആദ്യ സഞ്ചാരകൃതി വർത്തമാനപ്പുസ്തകം തന്നെ. മലയാളത്തിൽ സമ്പർക്കവിലക്ക് (ക്വാറൻ്റെൻ) എന്താണെന്ന് ആദ്യമായി വിവരിച്ചു തന്നതും വർത്തമാന പുസ്തകമാണ്. ആദ്യമായി സമ്പർക്ക വിലക്ക് അനുഭവിച്ച മലയാളി തോമാക്കത്തനാർ ആയിരുന്നെന്ന് വേണമെങ്കിൽ പറയാം.