
നവോത്ഥാന നായകരെ പഠിക്കാൻ വർണ്ണതന്ത്രം: കേരള നവോത്ഥാനം, ഇന്ത്യൻ നവോത്ഥാനം, ലോകത്തിലെ തന്നെ പല നവോത്ഥാനങ്ങൾ. മത്സര പരീക്ഷകളിലെ ഇഷ്ട വിഷയമാണ് നവോത്ഥാനം. ഒരു പാടു നവോത്ഥാന നായകരും അവരുടെ ഒട്ടനവധി പ്രവർത്തനങ്ങളും ഉണ്ട് പഠിക്കാൻ. പലപ്പോഴും മാറിപ്പോകാൻ ചാൻസുള്ള ഒരു മേഖല ആണ് ഇത്. ഇത്തരത്തിൽ നമ്മൾ നവോത്ഥാന നായകരെ പറ്റി പഠിക്കുമ്പോൾ ചില സൂത്ര വിദ്യകൾ ഉപയോഗിച്ചാൽ പെട്ടന്ന് മറക്കാതെ ഓർക്കാൻ സാധിക്കും. അത്തരത്തിൽ ഒരു വിദ്യ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് നവോത്ഥാന നായകരെ മാത്രം പഠിക്കാൻ അല്ല ഉപകരിക്കുന്നത്. മറ്റ് മാറിപ്പോകുന്ന അനേകം വിഷയങ്ങളിൽ ഇത് ഉപകാരപ്പെടും.

മറവിയെ കീഴടക്കാൻ പറ്റിയ ഒരു കിടിലൻ സൂത്രമാണ് വർണ്ണതന്ത്രം. നിറവുമായി ബന്ധപ്പെടുത്തി കാര്യങ്ങൾ പഠിക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് സംഘടിപ്പിക്കേണ്ടത് ന്യൂട്ടന്റെ വർണ്ണപമ്പരം പോലുള്ള ഒന്നാണ്. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ തന്നെയാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും നിറങ്ങളും ആകാം. അൽപം വലിപ്പത്തിലുള്ള ഒരു ചാർട്ട് പേപ്പർ വട്ടത്തിൽ മുറിച്ച് എടുക്കുക. എന്നിട്ട് അതിനെ ഏഴു ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിനും ഓരോ കളർ കൊടുക്കുക. അല്ലെങ്കിൽ ചതുരത്തിൽ ആയാലും മതി. ഏഴു ഭാഗങ്ങളായി തിരിച്ച് 7 കളർ കൊടുക്കുക. അതിന് ശേഷം നമ്മൾ 7 നവോത്ഥാന നായകരെ തിരഞ്ഞെടുക്കുക. മുൻപരീക്ഷകളിൽ ചോദ്യങ്ങൾ വന്ന നവോത്ഥാന നായകർ തന്നെ ആകാം. ഓരോ വ്യക്തിയുടെയും 5 പോയിന്റുകൾ വീതം ഓരോ നിറത്തിലും എഴുതിവയ്ക്കുക. ഒരു കളറിൽ ഒരു വ്യക്തിയുടെ കാര്യങ്ങൾ തന്നെ ആകാൻ ശ്രെദ്ധിക്കുക.
ഏഴു നിറത്തിലും അഞ്ച് വീതം അറിവുകൾ എഴുതി വയ്ക്കുമ്പോൾ മുപ്പത്തിഅഞ്ച് കാര്യങ്ങൾ നമ്മൾ പഠിക്കുന്നു. നിറങ്ങളിലൂടെ പുതിയ കാര്യങ്ങൾ കൊണ്ടുവന്ന് ഓർമയിൽ സൂക്ഷിക്കുക എന്നതാണ് ഇതിൽ അടങ്ങിയ തത്വം. ഇതുമൂലം ചോദ്യം കാണുമ്പോൾ തന്നെ ഓർമ വരും, ആ…. ഈ വിഷയം ചുവപ്പു നിറത്തിന്റെ കൂടെയുള്ളതാണല്ലോ എന്നിങ്ങനെ. ഇവിടെ ഒരു പുതിയ തിരിച്ചറിവ് ഉണ്ടാവുകയാണ്. നിറവും അറിവും ഒരുമിച്ച് പരസ്പര പൂരകങ്ങളായി മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു.

ഇവിടെ ഓരോ നവോത്ഥാന നായകരുടെയും പ്രധാന പുസ്തകങ്ങളോ, പ്രധാന സമരങ്ങളോ, വർഷങ്ങളോ, മഹത് വചനങ്ങളോ അങ്ങനെ എന്തും ഈ തന്ത്രത്തിലൂടെ സ്വായത്തമാക്കാൻ സാധിക്കുന്നു. നിറവും നവോത്ഥാനവുമായി ബന്ധമൊന്നുമില്ലെങ്കിലും ഓർമിക്കാൻ വേണ്ടി മാത്രമുള്ള ഒരു കൂട്ടുകെട്ടായി ഇതിനെ കാണാം. ഇപ്രകാരം ഓരോ കാര്യവും ഓരോ നിറങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുകയാണെങ്കിൽ ഓർമയിൽ സൂക്ഷിക്കാൻ കൂടുതൽ എളുപ്പത്തിൽ സാധിക്കും. പ്രായോഗികമാക്കുവാൻ ശ്രെമിച്ചു നോക്കുക.