ഒരിക്കൽ കടലിൽ റോന്തു ചുറ്റാൻ പോയ ബോട്ടിൽ രണ്ടു പട്ടാളക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറം കടലിൽ ഒരു ബോട്ട് തങ്ങളുടെ ജലപാതയിൽ എതിരായി നീങ്ങുന്നത് അവർ കണ്ടു. ശത്രുക്കളുടെ ബോട്ട് എന്ന് കരുതി അവർ ആ ബോട്ടിലേക്കു സന്ദേശം അയച്ചു: “നാം നേർക്കുനേരെയാണ്, വഴിമാറുക”. പക്ഷേ, എതിർ ബോട്ടിൽ നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അവർ തുടരെത്തുടരെ സന്ദേശം അയച്ചു കൊണ്ടിരുന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. ഒടുവിൽ കോപം സഹിക്ക വയ്യാതെ ഒരു പട്ടാളക്കാരൻ ആക്രമണ സൂചനയെന്നവണ്ണം ആകാശത്തേക്ക് വെടി വെച്ചു. പക്ഷേ, എതിരെ വരുന്ന ബോട്ടിൽ നിന്ന് അപ്പോഴും പ്രതികരണമില്ല. അതു മുന്നോട്ടു വരികയാണ്. തങ്ങൾ ദിശ മാറ്റിയില്ലെങ്കിൽ ബോട്ടുകൾ തമ്മിൽ ഇടിക്കും. പട്ടാളക്കാർ അവരുടെ ബോട്ട് ഒരു വശത്തേക്കു മാറ്റി. എതിരെ വരുന്ന ബോട്ടിനു സമീപം അവർ ബോട്ട് നിർത്തി. ആ ബോട്ട് ഓളത്തിനൊപ്പം ചാഞ്ചാടുന്നതേയുള്ളൂ. അതിന്റെ എൻജിൻ പ്രവർത്തിക്കുന്നില്ല. ശത്രുക്കളുടെ തന്ത്രമെന്നു കരുതി പട്ടാളക്കാരിൽ ഒരാൾ തോക്കുമായി ആ ബോട്ടിലേക്കു ചാടിക്കയറി എല്ലായിടത്തും പരിശോധിച്ചു. പക്ഷേ, അതിൽ ആരും ഉണ്ടായിരുന്നില്ല. കടലിൽ, എപ്പോഴോ എങ്ങനേയോ നഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്ന ഒരു ബോട്ടാണെന്ന് അവർ മനസ്സിലാക്കി. പട്ടാളക്കാരന്റെ കോപം ആറി. അയാൾ തലയും കുമ്പിട്ട് തോക്കും താഴ്ത്തിപ്പിടിച്ച് തിരിച്ചു തന്റെ ബോട്ടിലേക്കു വന്നു.
പ്രതികരിക്കാൻ ആളില്ലെങ്കിൽ ആരുടേയും കോപം ആവിയായിപ്പോകും. നിർജീവാവസ്ഥയിലിരിക്കുന്ന ഒന്നിനോടും നാം കോപിക്കാറില്ല. കാരണം, അതു പ്രതികരിക്കുന്നില്ല എന്നതു തന്നെ. ക്ഷമ എന്ന ഗുണം അഭ്യസിച്ച് പ്രതികരണത്തിന്റെ ശൈലി ഒന്നു മാറ്റിനോക്കുക. നമ്മുടെ നേരെ അട്ടഹസിക്കുന്ന മേലാളും കീഴാളും സ്വയം ചുളുങ്ങിപ്പോകുന്നത് നേരിട്ടു കാണാം. പക്ഷേ, നമ്മുടെ ക്ഷമ പ്രകടനമാകരുത്. വിനയം അഭിനയമാകരുത്. പക്ഷേ, ക്ഷമയിലുറച്ച പ്രതികരണ ശൈലി ആരെയും കൊമ്പുകുത്തിക്കും.
നാം ഒരാളെ കൈവീശി അടിക്കുകയാണെന്നു കരുതുക. ആ വ്യക്തി അടികൊള്ളാതെ ഒഴിഞ്ഞു മാറിയാൽ, നമ്മുടെ ആ അടി അന്തരീക്ഷത്തിലേക്കാണു വീഴുന്നതെങ്കിൽ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഉലച്ചിൽ എത്ര ശക്തമായിരിക്കും? ഇതു തന്നെയാണ് വികാര പ്രകടനങ്ങളിലും സംഭവിക്കുന്നത്. കോപാദി വികാരങ്ങൾക്ക് മറ്റേയാൾ പ്രതികരിച്ചില്ലെങ്കിൽ ആ വികാരങ്ങൾ അവനവനെത്തന്നെ ഭയങ്കരമായി തളർത്തും. ഈ ആയുധം ഉപയോഗിച്ചല്ലേ ആയുധധാരികളായ, അതിശക്തരായ വെള്ളപ്പട്ടാളത്തെ ഗാന്ധിജി തുരത്തിയതും. ശരിയായ ക്ഷമ ദുർബലതയല്ല; ധീരൻ്റേതാണ്. ഏതു രംഗത്തും ഉന്നതിലേക്കുള്ള ഉറച്ച കോവണിപ്പടിയുമാണിത്. പ്രതികരണ ശേഷിയില്ലാത്തവന്റെ മൗനം ക്ഷമയല്ല; ഭീരുത്വമാണത്. ക്ഷമയെ ഭീരുത്വമായി കണക്കാക്കരുത്; ഭീരുത്വത്തെ ക്ഷമയായും.