കുരുമുളക് തേടി കേരളത്തിലെത്തിയ വിദേശികൾ കുരുമുളകിനോടൊപ്പം അതിന്റെ വള്ളികൾ കൂടി അവരുടെ ദേശത്തേക്ക് കടത്തി കൊണ്ടുപോകുന്നു എന്നറിയിച്ചപ്പോൾ സാമൂതിരി ഇങ്ങനെയാണ് പറഞ്ഞത്:
“കുരുമുളകുവള്ളിയല്ലേ അവർക്ക് കൊണ്ടുപോകാൻ സാധിക്കൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലല്ലോ?”
ഇതിൽ നിന്നും മനസിലാകും ഞാറ്റുവേലയുടെ മാഹാത്മ്യം. പ്രകൃതിയെ സശ്രദ്ധം നിരീക്ഷിച്ച പ്രായോഗിക പരിജ്ഞാനത്തിൽ നിന്നും നമ്മുടെ പൂർവികർ രേഖപ്പെടുത്തിയ കിടയറ്റ കാലാവസ്ഥാ പ്രവചന സംവിധാനമാണ് ഞാറ്റുവേല. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഭൂമിയെ ചുറ്റാൻ ഏകദേശം 27 ദിവസം വേണം. അതായത് ഒരു ദിവസം കൊണ്ട് ചന്ദ്രൻ ചന്ദ്രപഥത്തിൽ ഏകദ്ദേശം 13 1/3 ഡിഗ്രി നീങ്ങിയിരിക്കും. ചന്ദ്രന്റെ സഞ്ചാര പഥത്തെ 13 1/3 ഭാഗമുള്ള 27 ഭാഗങ്ങളായി കണക്കാക്കാം. ഈ 27 ഭാഗങ്ങളിൽ കാണുന്ന നക്ഷത്രങ്ങളുടെയോ നക്ഷത്രഗണങ്ങളുടെയോ അടിസ്ഥാനത്തിൽ ഓരോ ഭാഗത്തിനും പേര് നൽകിയിരിക്കുന്നു. ഇങ്ങനെ ചന്ദ്രന്റെ സഞ്ചാരപഥത്തിൽ വരുന്ന നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അശ്വതി, ഭരണി, കാർത്തിക മുതൽ രേവതി വരെയുള്ള 27 നാളുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.
തിരുവിതിര ഞാറ്റുവേല
തിരുവാതിര ഞാറ്റുവേലക്കാലത്ത് കേരളത്തിൽ ലഭിക്കുന്ന ശക്തമായ മഴയാണ് കുരുമുളക് വള്ളിയിൽ പരാഗണം നടക്കാനും നല്ല വിളവ് ലഭിക്കാനും ഇടയിക്കുന്നത്. ഒരു വർഷത്തിൽ 27 ഞാറ്റുവേലകൾ അനുഭവപ്പെടുന്നു. ഇവയിൽ ഏറ്റവും ദൈർഘ്യമേറിയത് ഇടവം 15 മുതൽ തുടങ്ങുന്ന ഇടവപ്പാതിയാണ്. ഇത് കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം എന്നീ ഞാറ്റുവേലകളിലൂടെ കടന്നു പോകുന്നു.
ക്രാന്തിവൃത്തം
സൂര്യനെയും സൂര്യസമീപത്ത് നമ്മൾ കാണുന്ന നക്ഷത്രത്തെയും നിരീക്ഷിച്ചാൽ നക്ഷത്രങ്ങൾ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രിവെച്ച് സൂര്യനിൽ നിന്ന് പടിഞ്ഞാറോട്ട് അകന്നു പോകുന്നതായി നിരീക്ഷകന് തോന്നും. ഈ അടിസ്ഥനത്തിൽ സൂര്യൻ നക്ഷത്രങ്ങളെ അപേക്ഷിച്ച് ഒരു ദിവസം ഒരു ഡിഗ്രി വെച്ച് കിഴക്കോട്ട് അകന്നു പോകുന്നു എന്ന് കണക്കാക്കാം. ഇങ്ങനെ സൂര്യൻ ഒരു മാസം കൊണ്ട് 30 ഡിഗ്രി കിഴക്കോട്ട് സഞ്ചരിക്കുന്നതായി നിരീക്ഷകന് അനുഭവപ്പെടുന്നു. ഇത് സംഭവിക്കുന്നത് സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണം കൊണ്ടാണ്. സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി തോന്നുന്നത്. ഇങ്ങനെ സൂര്യൻ നക്ഷത്രങ്ങൾക്കിടയിലൂടെ പോകുന്നതായി തോന്നുന്ന സൂര്യപഥത്തെ ക്രാന്തിവൃത്തം എന്ന് പറയുന്നു.
സൗര രാശികൾ
ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് 12 സൗരരാശികൾ. ഓരോ ഗണത്തിലുള്ള നക്ഷത്രത്തിന്റെ പേരിലായിരിക്കും ആ രാശി അറിയപ്പെടുന്നത്. സൂര്യൻ ഏത് രാശിയിലാണോ കാണപ്പെടുന്നത് അതായിരിക്കും അപ്പോഴത്തെ മലയാള മാസം. സൂര്യൻ ഒരു രാശി കടക്കാൻ ഏകദേശം 30 ദിവസമെടുക്കും. സൂര്യൻ ഏത് രാശിയിൽ നിൽക്കുന്നതായി നമുക്ക് തോന്നുന്നവോ, ആ രാശിയുടെ പേരാണ് മലയാള മാസമായി വരിക. സൂര്യൻ 12 രാശികളിലൂടെ കടന്നു പോകുന്നതിനിടയിൽ 27 നാളുകളിലൂടെയും കടന്നു പോകും. ഏകദേശം 365 ദിവസം കൊണ്ടാണ് ഈ 27 നാളുകളിലൂടെ സൂര്യൻ ഒരു പ്രാവശ്യം കടന്നു പോകുന്നത്. ഒരു നാളിനോടൊപ്പം സൂര്യൻ കാണപ്പെടുന്നതായി തോന്നുന്ന കാലയളവാണ് ഞാറ്റുവേല. ഞായർ എന്നാൽ സൂര്യൻ. വേല എന്നാൽ വേള അഥവാ സമയം.
ഞാറ്റുവേല പോക്ക്
ഒരു കൊല്ലത്തിൽ ലഭിക്കുന്ന മഴയെ 27 ഞാറ്റുവേലകളായി തിരിച്ചിരിക്കുന്നു. അശ്വതി ഞാറ്റുവേലയിൽ തുടങ്ങി 27-ആം നാളായ രേവതി ഞാറ്റുവേലയിൽ അവസാനിക്കുന്നു. 27 നക്ഷത്രങ്ങളിൽ (നാളുകളിൽ) സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊരു നക്ഷത്രത്തിലേക്ക് പഥം മാറുമ്പോൾ ഞാറ്റുവേലയും മാറുന്നു. ഇതിനെ ഞാറ്റുവേല പോക്ക് അഥവാ ഞാറ്റുവേല പകർച്ച എന്ന് പറയുന്നു. ഒരു ഞാറ്റുവേലയുടെ ശരാശരി ദൈർഘ്യം 13 1/3 ദിവസമാണ്. തിരുവാതിര ഞാറ്റുവേല മിഥുന മാസത്തിലാണെങ്കിൽ അശ്വതി ഞാറ്റുവേല മേട മാസത്തിലാണ്.
കൃഷിയും ഞാറ്റുവേലയും
ഓരോ ഞാറ്റുവേലയിലും എങ്ങനെ മണ്ണൊരുക്കണമെന്നും എപ്പോൾ വിത്തിടണമെന്നും വളമെപ്പോൾ ചേർക്കണമെന്നും നാളും ഞാറ്റുവേലയും നോക്കി തിരിച്ചറിഞ്ഞായിരുന്നു പണ്ടത്തെ കേരളത്തിലെ കൃഷിരീതി. ഞാറ്റുവേലകളിൽ ഏറ്റവും പ്രധാനപ്പെട്ടത് തിരുവാതിര ഞാറ്റുവേല തന്നെ. പല കൃഷികളും ആരംഭിക്കാനും ഉള്ള കൃഷിക്ക് വളം ചേർക്കാനും ഏറ്റവും അനുകൂല സമയമാണിത്. നെല്ല്, തെങ്ങ്, കുരുമുളക് എന്നീ കൃഷികൾക്ക് തിരുവാതിര ഞാറ്റുവേല ഏറെ പ്രധാനമുള്ളതാണ്. നെല്ലിന്റെ തൈകൾ പറിച്ചു നടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. തെങ്ങിൻ തൈകൾ നടാനും പ്രായമായവയ്ക്ക് ജൈവവളം ചേർക്കാനും തിരുവാതിര ഞാറ്റുവേല ഉത്തമമാണ്. കുരുമുളകിന്റെ പുതിയ വള്ളികൾ നടുന്നതും ഈ ഞാറ്റുവേലയിലാണ്. ഇതു കൊണ്ടാണ് പറങ്കികൾ തിരുവാതിര ഞാറ്റുവേല കൊണ്ടു പോകില്ലല്ലോ എന്ന് സാമൂതിരി പറഞ്ഞത്.
ഞാറ്റുവേല ചൊല്ലുകൾ
ഞാറ്റുവേലയുമായി ബന്ധപ്പെട്ട അനേകം ചൊല്ലുകൾ കാർഷിക കേരളത്തിൽ നിലനിന്നിരുന്നു.
- തിരുവാതിര ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ: തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥ കാണുകയാണെങ്കിൽ ഞാറ്റുവേലയുടെ അവസാനം മഴ ഇടതടവില്ലാതെ പെയ്യും.
- പുണർത്തിൽ പുകഞ്ഞ മഴ: മഴ ചാറിച്ചാറി നിൽക്കും
- ആയില്യം കള്ളനകത്തോ പുറത്തോ: ആയില്യം ഞാറ്റുവേലയിൽ ശക്തിയായ മഴ എന്നർഥം.
- ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ല: ചോതി തുലാവർഷത്തിന്റെ കൂട്ടുകാരിയാണ്. തുലാവർഷത്തിൽ ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയും ഉച്ചക്ക് ശേഷം ശക്തിയായ ഇടിമിന്നലോടുകൂടിയ മഴയുമാണ്. തുലാവർഷത്തിലെ ഈ സമയത്ത് ഇടിമിന്നലന്റെ സഹായത്താൽ അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആയി മാറ്റുന്നു. ഇത് മഴവെള്ളത്തിൽ കലർന്ന് മണ്ണിൽ പതിച്ച് ചെടികൾക്ക് വളമാകുന്നു. ഇതാണ് ചോതി പെയ്താൽ ചോറ്റിനു പഞ്ഞമില്ലെന്നു പറയുന്നത്. നെല്ല് രണ്ടാം വിള ഉണങ്ങാതെ കിട്ടണമെങ്കിൽ ഇക്കാലത്ത് മഴ തിമർത്തു പെയ്തേ പറ്റൂ. കശുമാവുകൾ തളിരിടുന്നതും ചോതി ഞാറ്റുവേലയിലാണ്. പയറ് വർഗത്തിൽ പെട്ട വിത്ത് വിതക്കേണ്ടതും തുലാകപ്പയുടെ നടീൽ തുടങ്ങാനും ഇത് നല്ല കാലമാണ്.
- മുതിരക്ക് മൂന്ന് മഴ
- വിരിപ്പ് നട്ടുണങ്ങണം, മുണ്ടകൻ നട്ടു മുങ്ങണം
- ഞാറ്റുവേല പകർച്ചയ്ക്ക് വിത്തു വിതയ്ക്കരുത്
- പൂയം ഞാറ്റുവേലയിൽ പുല്ലുപോലും പൂവണിയും
- മകരത്തിൽ മഴ പെയ്താൽ മരുന്നിനു പോലും നെല്ലുണ്ടാവില്ല
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
- മീനത്തിൽ മഴപെയ്താൽ മീൻകണ്ണിയോളം
ഇങ്ങനെ പോകുന്നു കാർഷിക ചെല്ലുകൾ
ചിത്തിര ഞാറ്റുവേല
കന്നിവെയിലിന്റെ കാച്ചിലും തുലാവർഷത്തിന്റെ കേളി കൊട്ടുമായിട്ടാണ് ചിത്തിര ഞാറ്റുവേല തുടങ്ങുന്നത്. പയറുവർഗങ്ങൾ, പച്ചക്കറികൾ, നേന്ത്രവാഴ എന്നിവ നടാൻ പറ്റിയ സമയവുമിതാണ്. ഞാറ്റുവേലകളിൽ പാടത്ത് വിത്ത് വിതയ്ക്കുന്നു. അവ മുളച്ചുപൊട്ടും വളരും, ഒരു പ്രാർഥന പോലെ, അനുഷ്ടാനം പോലെ വിത്തു വിതക്കൽ നിരന്തരം നടക്കുന്നു. പ്രകൃതി സുസ്ഥിരമാകുന്നു. ജീവജാലങ്ങൾ സുഭിക്ഷത അനുഭവിക്കുന്നു.