പലതരം ആഘോഷങ്ങൾക്ക് പേര് കേട്ടതാണ് കേരളം. ആഘോഷങ്ങൾക്ക് കേരളത്തിൽ പഞ്ഞമില്ല. ഉത്സവങ്ങൾ ആഘോഷങ്ങളാണ്. ആഘോഷിക്കാനുള്ള ഒരു അവസരവും കേരളക്കര പാഴാക്കാറില്ല. വിളവെടുപ്പും വിളവിറക്കലും കേരളത്തിന് ഉത്സവമാണ്. അത്തരത്തിൽ പ്രധാനപ്പെട്ട ഉത്സവങ്ങൾ കേരളത്തിൽ നടക്കുന്നത് നമുക്കൊന്ന് പരിചയപ്പെടാം.
കേരളത്തിലെ പ്രധാന ഗ്രീഷ്മ കാല ഉത്സവമാണ് വിഷു. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശരത്കാല ഉത്സവം ഓണം ആണ്. പ്രാചീന കേരളത്തിലെ ഏറ്റവും വലിയ നദീതീര ഉത്സവം മാമാങ്കം ആയിരുന്നു. മാമാങ്കത്തിനു വേദിയായിരുന്ന തിരുന്നാവായ ഇപ്പോൾ മലപ്പുറം ജില്ലയിലാണ്. ഭാരതപ്പുഴയുടെ തീരമാണ് മാമാങ്കത്തിനു വേദിയായിരുന്നത്. പന്ത്രണ്ട് വർഷത്തിൽ ഒരിക്കലാണ് മാമാങ്കം നടന്നിരുന്നത്. 28 ദിവസമായിരുന്നു മാമാങ്കം നീണ്ടു നിന്നിരുന്നത്. തുടക്കത്തിൽ മാമാങ്കത്തിന്റെ രക്ഷാ പുരുഷ സ്ഥാനം കൈയാളിയിരുന്നത് വള്ളുവക്കോനാതിരി ആയിരുന്നു. പിന്നീട് വള്ളുവക്കോനാതിരിയിൽ നിന്നും മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം പിടിച്ചെടുത്ത ഭരണാധികാരിയാണ് കോഴിക്കോട് സാമൂതിരി.
മാമാങ്കത്തിന്റെ രക്ഷാപുരുഷനായിരുന്ന സാമൂതിരി നില കൊണ്ടിരുന്ന ‘നിലപാടുതറ’ നാവാമുകുന്ദ ക്ഷേത്രത്തോട് ചേർന്നായിരുന്നു സ്ഥിതി ചെയ്തിരുന്നത്. സാമൂതിരിയെ വധിക്കാൻ മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന നാട്ടുരാജാവ് വള്ളുവക്കോനാതിരി ആണ്. ഏറ്റവും ഒടുവിലായി മാമാങ്കം നടന്നിരുന്നുവെന്ന് കരുതപ്പെടുന്ന വർഷമാണ് 1755. കേരള ചരിത്രത്തിൽ പ്രസിദ്ധമായ ‘മണിക്കിണർ’ മാമാങ്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. മലമ്പാറിന്റെ ടൂറിസം വികസനാർത്ഥം മാമാങ്കം വീണ്ടും സംഘടിപ്പിച്ച വർഷം 1999 ആണ്.
1961 ൽ ആണ് കേരള സർക്കാർ ഓണത്തെ ദേശീയോത്സവമായി പ്രഖ്യാപിച്ചത്. ഓണത്തെക്കുറിച്ച് പരാമർശമുള്ള ആദ്യത്തെ സംഘകാല കൃതിയാണ് മധുരൈകാഞ്ചി. ഐതീഹ്യങ്ങൾ പ്രകാരം ആദ്യമായി ഓണാഘോഷം നടത്തിയത് തൃക്കാക്കരയിൽ വെച്ചായിരുന്നു. സംഘകാലകൃതികളിൽ ‘ഇന്ദ്രവിഴാ’ എന്നാണ് ഓണത്തെ വിശേഷിപ്പിച്ചത്. കേരളത്തിൽ തൃപ്പൂണിത്തുറയിലാണ് ഓണാഘോഷത്തിന്റെ ഭാഗമായി അത്തച്ചമയം നടക്കുന്നത്. ‘ദേശം അറിയിക്കൽ’ എന്ന ചടങ്ങ് ഓണത്തിന്റെ ഭാഗമായുള്ള അത്തച്ചമയത്തോട് അനുബന്ധിച്ചാണ് നടത്തിവരുന്നത്. 1947 വരെ അത്തച്ചമയത്തിൽ പങ്കെടുത്തിരുന്ന കേരളത്തിലെ രാജാവ് കൊച്ചി രാജാവ് ആണ്. ആറൻമുള വള്ളം കളി ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ നടക്കുന്ന വള്ളംകളിയാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികോത്സവമാണ് വിഷു. തൃശൂരിലെ വടക്കുംനാഥക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരം അരങ്ങേറുന്നത്. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച കൊച്ചിരാജാവ് രാമവർമ്മ (ശക്തൻ തമ്പുരാൻ) ആണ്.