ഇന്ത്യയിൽ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയും വികാസവും (Growth and Development of Nationalist Movement in India): വളരെ സമ്പന്നവും സുഭിക്ഷവും സ്വയം പര്യാപ്തവുമായിരുന്ന ഒരു ഭൂതകാലത്തിന്റെ നന്മകളിൽനിന്നും വൈദേശികാക്രമണത്തിൻറെയും കടുത്ത സാമ്പത്തിക ചൂഷണത്തിൻറെയും അഭിശപ്തമായ ഒരു കാലഘട്ടത്തിലേക്കുള്ള പതനമായിരുന്നു ഇന്ത്യയുടെ സമീപകാല ചരിത്രമാകെത്തന്നെ. വിദേശശക്തികളുടെ കടന്നുകയറ്റത്തിനു മുമ്പ് ഏറെക്കുറെ അടിയുറച്ച ഒരു സമ്പദ്ഘടന ഇന്ത്യയ്ക്കുണ്ടായിരുന്നു.
വികസിതമായ ഒരു ചെറുകിട-കുടിൽ വ്യവസായമേഖലയും ധാന്യവിളകൾക്കു പ്രാധാന്യമുള്ള കാർഷികമേഖലയും ഒട്ടൊക്കെ സ്വയംപൂർണ്ണമായ ഒരു സമ്പദ് വ്യവസ്ഥ ഇന്ത്യയിൽ നിലവിൽ വരുന്നതിനു കാരണമായി. സാംസ്കാരികമായി വളരെ ഉയർന്ന ഒരു പാരമ്പര്യവും ഇക്കാലത്തു ഇന്ത്യയ്ക്കുണ്ടായിരുന്നു. മാനവസംസ്‌കാരത്തിന്റെ ദീപസ്തംഭങ്ങളിലൊന്ന് ഇന്ത്യയായിരുന്നുവെന്നു പറയാവുന്നതാണ്.
എന്നാൽ, പില്ക്കാലത്തുണ്ടായ വൈദേശികാക്രമണങ്ങളുടെ നിഷ്ഠൂരതയ്ക്കു മുമ്പിൽ ഇന്ത്യയുടെ സ്വയം സമ്പൂർണമായ ഗ്രാമസമ്പദ് ഘടന തകരുകയും അതിന്റെ സനാതനമായ സാംസ്കാരികപാരമ്പര്യത്തിൽ വിള്ളലുകൾ വീഴുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വ വാഴ്ചയോടെ ഈ പ്രവണത അതിൻറെ ഉച്ചസ്ഥായിയിലെത്തി.
വിദേശശക്തികളുടെ ഈ കടന്നുകയറ്റത്തിനും ആക്രമണത്തിനും ചൂഷണത്തിനുമെതിരായ ഇന്ത്യൻ ജനതയുടെ പ്രതിഷേധത്തിൻറെയും പ്രതിരോധത്തിൻറെയും ചരിത്രമാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം. പിതൃ ഭൂമിയോടുള്ള സ്നേഹത്താലും കൂറിനാലും പ്രചോദിതരായ ഇന്ത്യൻ ജനത വിദേശാധിപത്യത്തിനെതിരായി സമരരംഗത്തിറങ്ങി. ഇന്ത്യൻ ദേശീയത അടിമത്തത്തിലധിഷ്ഠിതമായ അതിൻറെ ആലസ്യത്തിൽനിന്നും ഉണരുകയായിരുന്നു ഇക്കാലത്ത്.
എന്താണ് ദേശീയത? ഒരു പ്രത്യേക ഭൂവിഭാഗത്തിൽ (territory) കഴിയുന്നവരായ ഒരു ജനതയ്ക്ക് അവിടത്തെ സവിശേഷമായ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ തങ്ങൾ ഒരു പ്രത്യേക ദേശീയ രാഷ്ട്രത്തിൻറെ (national state) അംഗങ്ങളാണെന്ന ബോധമാണു ദേശീയത ദേശീയത അമൂർത്തമായ ഒരു ആശയമാണെന്നു പറയാവുന്നതാണ്.
ഒരു പൗരന് സ്വന്തം രാഷ്ട്രത്തോടുള്ള കൂറും (loyalty) സ്നേഹവു (patriotism) മാണു ദേശീയതയെ ശക്തമാക്കുന്നത്. ആധുനിക രാഷ്ട്രങ്ങൾക്കു സ്ഥിരതയും കെട്ടുറപ്പും നൽകുന്നത് രാജ്യസ്നേഹത്തിലധിഷ്ഠിതമായ ദേശീയ ബോധമാണ്. ആധുനിക ജനാധിപത്യരാഷ്ട്രങ്ങളുടെ സ്ഥിരമായ അസ്തിത്വത്തിന്റെ പ്രേരകഘടകവും ദേശീയതയാണ്.
ഇന്ത്യയിൽ ദേശീയതയുടെ ഉത്ഭവം (Origin of Nationalism in India)
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ഉത്ഭവത്തിനും വളർച്ചയ്ക്കും വിവിധ ഘടക ങ്ങൾ (factors) പ്രേരകങ്ങളായിത്തീർന്നിട്ടുണ്ട്. അവ ഏതെല്ലാമാണെന്നും പരിശോധിക്കാം.
01. സാംസ്കാരികമായ പാരമ്പര്യം (Cultural Heritage)
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഇന്ത്യ ഒന്നാണെന്നു കരുതപ്പെടുന്നതിന് വളരെ മുമ്പുതന്നെ സാംസ്‌കാരികമായി ഇന്ത്യ ഒന്നായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യവും സാംസ്കാരികസമ്പത്തും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ (Indian Subcontinent) സകല ജനതയിലും തങ്ങൾ ഒരു പിതൃ ഭൂമിയുടെ സന്താനങ്ങളാണെന്ന തോന്നലുളവാക്കി.
കല (Art), ശാസ്ത്രം (Science), തത്വശാസ്ത്രം (Philosophy), സംഗീതം (Music) എന്നീ മേഖലകളിലെല്ലാം ഭാരതം നേടിയെടുത്ത സാംസ്‌കാരികാഭ്യുന്നതി മതപരവും ഭൂമി ശാസ്ത്രപരവും രാഷ്ട്രീയപരവുമായ എല്ലാത്തരം വിഭാഗീയതകൾക്കും അപ്പുറത്തുള്ളതാണ്. അന്താരാഷ്ട്രീയതലത്തിൽ ഇന്ത്യയുടെ യശസ്സ് പരന്നൊഴുകിയതും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പിൻബലത്തിലായിരുന്നു. സാംസകാരികമായ ഈ ഐക്യബോധം ഇന്ത്യക്കാരിൽ ദേശീയബോധം വളർത്തി.
02. മതപരമായ ഐക്യം (Religious Unity)
മതബോധം ആഴത്തിൽ വേരോടിയിരിക്കുന്ന ഒരു ജനതയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏററവും സ്വാധീനമുള്ള മതം ഹിന്ദുമതമായിരുന്നു. രാഷ്ട്രീയമായ എല്ലാത്തരം വിഭാഗീയതകൾക്കും അതീതമായി ഇന്ത്യയിലെ ഭൂരിപക്ഷം ജനതയും ഹിന്ദുമതത്തെ അനുധാവനം ചെയ്തു. ഇന്ത്യൻ ജനത ആയിരത്തിലധികം നാട്ടുരാജ്യങ്ങളായി വിഘടിച്ചും തമ്മിൽ പോരടിച്ചും കഴിഞ്ഞകാലത്ത് ഇന്ത്യക്കാർക്ക് ഐക്യബോധം പ്രദാനം ചെയ്യുന്നതിനും ഹിന്ദുമതത്തിനു കഴിഞ്ഞിരുന്നു. കാശ്മീർമുതൽ കന്യാകുമാരിവരെയുള്ള ഇന്ത്യയുടെ വിശാലമായ ജനപദങ്ങളിൽ ആഴത്തിൽ സ്വാധീനം ചെലുത്താനും ജനതയെ ഒന്നുചേർക്കുവാനും ഹിന്ദുമതത്തിനു സാദ്ധ്യമായി.
പില്ക്കാലത്ത് ഇസ്ലാംമതം ഇന്ത്യയിൽ പ്രചരിക്കുകയും ഇന്ത്യയിലെ വിവിധ മുസ്ലിം സാംസ്കാരിക കേന്ദ്രങ്ങൾ മതപരമായ ഐക്യത്തിന്റെ പാതയിൽ വരുന്നതിന് ഇടയാവുകയും ചെയ്തു. ഇങ്ങനെയുണ്ടായ മതപരമായ ഐക്യം തങ്ങൾ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഒരേ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരാണെന്ന വിശ്വാസം ഇന്ത്യക്കാരിലുളവാക്കി. ഇന്ത്യൻ ദേശീയതയുടെ വളർച്ചയെ ഗണ്യമായി സ്വാധീനിച്ച ഒരു പ്രേരകഘടകമാണിത്.
03. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ (Geographical Peculiarities)
ഒരൊറ്റ രാഷ്ട്രമായി സംഘടിക്കുന്നതിനും തികച്ചും അനുഗുണമായ വിധത്തിലാണ് ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ കിടപ്പ് . വടക്കും ഒരു നെടുങ്കോട്ട പോലെ തലയുയർത്തിനില്ക്കുന്ന ഹിമാലയം ഏഷ്യയുടെ മറു ഭാഗങ്ങളിൽ നിന്നും ഇന്ത്യയെ വേർതിരിച്ചുകൊണ്ട് അതിനു സവിശേഷമായ വ്യക്തിത്വം നൽകുന്നു. അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാ സമുദ്രവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മറ്റു പ്രദേശങ്ങളിൽനിന്നും വേർതിരിച്ചു കൊണ്ട് ഭൂമിശാസ്ത്രപരമായ ഏകത (unity) അതിനു നൽകുന്നു. തങ്ങൾ ഒരേ രാഷ്ട്രത്തിൻറെയും ഒരേ ദേശീയതയുടെയും സന്തതികളാണെന്ന ബോധം ഇന്ത്യക്കാരിലുളവാകുന്നതിനും ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകൾ കാരണമായി.
04. ബ്രിട്ടീഷാധിപത്യം പ്രദാനംചെയ്ത രാഷ്ട്രീയൈക്യം (Political Unity Provided by British Supremacy)
മതപരമായും സാംസ്കാരികമായും ഇന്ത്യ ഒന്നായിരുന്നുവെങ്കിലും രാഷ്ട്രീയമായ ഐക്യം അതിനു തികച്ചും അന്യമായിരുന്നു. നാട്ടുരാജ്യങ്ങളായി (Native States) ചിതറപ്പെട്ട അനേകം ജനപദങ്ങളുടെ സമുച്ചയമായിരുന്നു ഇന്ത്യയെന്നു പറയാം. ശക്തമായ ഒരു ഭരണനേതൃത്വത്തിൻകീഴിൽ ഇന്ത്യൻ ജനതയെ മുഴുവൻ രാഷ്ട്രീയമായി സംഘടിപ്പിച്ചത് ബ്രിട്ടീഷാധിപത്യമാണ്. തുടക്കത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി (British East India Company) യുടെയും 1857-നു ശേഷം ബ്രിട്ടീഷ് പാർലമെൻറിൻറെയും നേരിട്ടുള്ള നിയന്ത്രണത്തിൽ ഇന്ത്യ വന്നതോടുകൂടി ഇന്ത്യയ്ക്കു നാളിതുവരെ അന്യമായിരുന്ന രാഷ്ട്രീയ ഐക്യദാർഢ്യം കൈവന്നു.
ബ്രിട്ടീഷുകാർ അധികാരം കയ്യാളിയിരുന്ന കാലത്തു രണ്ടു തരത്തിൽപ്പെട്ട ഭരണപ്രദേശങ്ങളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഒന്നു, ബ്രിട്ടീഷ് ഭരണകൂടത്തിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന ബംഗാൾ, ബോംബെ, മദ്രാസ് പ്രോവിൻസുകൾ (Presidencies); രണ്ട്, ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കു വഴങ്ങി നിയന്ത്രിതാധികാരങ്ങളോടെ രാജാക്കന്മാർ ഭരണം നടത്തിയിരുന്ന നാട്ടുരാജ്യങ്ങൾ (Native States). ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ ഇദംപ്രഥമമായി ഇന്ത്യയാകമാനം ഒരു കേന്ദ്രീകൃതഭരണകൂടത്തിൻറെ ശക്തമായ നിയന്ത്രണത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യ ഒരൊറ്റ രാഷ്ട്രഗാത്രമായി തീരുന്നതിന് ഇത് കാരണമായി.
05. പാശ്ചാത്യസംസ്കാരത്തിൻറെ സ്വാധീനം (Influence of Western Civilisation)
ദേശീയതയുടെ അടിസ്ഥാന ആദർശങ്ങളെക്കുറിച്ച് ഇന്ത്യൻ ജനത അറിയുവാനിടയായത് പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനം മൂലമാണ്. ജനാധിപത്യം (Democracy),സോഷ്യലിസം (Socialism), ലിബറലിസം (Liberalism) മുതലായ ആശയഗതികളെക്കുറിച്ച് അറിയാനും പഠിക്കുവാനും പാശ്ചാത്യസംസ്‌കാരത്തോടുള്ള ബന്ധം മുഖേന ഇന്ത്യക്കാർക്കു സാദ്ധ്യമായി. ഇതനുസരിച്ച് ഇന്ത്യക്കാരുടെ രാഷ്ട്രീയബോധത്തിലും ചിന്താപദ്ധതിയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. തദ്വാര സ്വതന്ത്രമായ ഒരു ദേശീയരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അഭിവാഞ്ഛ ഇന്ത്യക്കാരിൽ രൂഢമൂലമായി. ഇന്ത്യയിലെ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഇതു വളരെ സഹായകമായി.
06. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പങ്ക് (Role of Social Reform Movements)
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽത്തന്നെ മനുഷ്യസ്നേഹികളായ ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ പല സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ആവിർഭവിക്കുകയുണ്ടായി. രാജാറാം മോഹൻ റോയി രൂപംകൊടുത്ത ബ്രഹ്മസമാജം (Bramha Samaj), സ്വാമി ദയാനന്ദ സരസ്വതി ജന്മം നൽകിയ ആര്യസമാജം (Arya Samaj), സ്വാമി വിവേകാനന്ദൻറെ രാമകൃഷ്ണമിഷൻ (Rama Krishna Mission) മുതലായ സാമൂഹ്യ പരിഷ്കരണപ്രസ്ഥാനങ്ങളും മതനവീകരണപരിപാടികളും ഇന്ത്യൻ സമൂഹത്തെ കാലാകാലങ്ങളായി അപമാനവീകരിച്ചിരുന്ന (Dehumanisation) ദുരാചാരങ്ങൾക്കും അനീതികൾക്കുമെതിരെ സമരകാഹളം മുഴക്കി.
സതി (Sati), അയിത്തം (Untouchablity), വിധവാവിവാഹം നിഷേധിക്കൽ, ജാതിസമ്പ്രദായം (Caste System) മുതലായ അനാചാരങ്ങൾക്കെതിര പുതിയ ഒരവബോധം ഈ സാമൂഹ്യപ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി രൂപം കൊണ്ടു. സാമൂഹികമായ നവീകരണത്തിനായുള്ള മുറവിളി ഇന്ത്യയിലാകമാനം അലയടിച്ചെത്തുകയും ഇന്ത്യയുടെ ദേശീയമായ ഉയിർത്തെഴുന്നേല്പിന് ഇതു വളംവെക്കുകയും ചെയ്തു.
07. ഇംഗ്ലീഷ്ഭാഷയുടെ പ്രചരണം (Propagation of English Language)
ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും കണ്ണിചേർക്കുന്ന ഒരു ബന്ധഭാഷ (Connecting Language) ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. മുൻകാലത്തും സംസ്കൃതത്തിന് ഇന്ത്യയിലാകമാനം വേരുകളുണ്ടായിരുന്നെങ്കിലും അതു സമൂഹത്തിലെ പണ്ഡിതന്മാർക്കും വരേണ്യവർഗത്തിനും മാത്രം സ്വാധീനമുള്ള ഭാഷയായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിൻറെ സ്ഥാപനത്തോടെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബന്ധപ്പെടുത്തുന്ന ഒരു ഭാഷയായി തീരുന്നതിനും ഇംഗ്ലീഷിനു സാദ്ധ്യമായി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന ജനതയ്ക്കു പരസ്പരം ബന്ധപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഇംഗ്ലീഷ് പ്രയോജനപ്പെട്ടു. ദേശീയമായ ഒരു കാഴ്ചപ്പാട് വളർന്നുവരുന്നതിനും ഇതു കാരണമായി.
08. സാമ്പത്തിക കാരണങ്ങൾ (Economic Reasons)
വാർത്താവിനിമയം(Communication), ഗതാഗതം (Transportation) എന്നീ മേഖലകളിലുണ്ടായ പുരോഗതി ഇന്ത്യയിൽ ദേശീയതയുടെ വളർച്ചയെ പരോക്ഷമായി സഹായിച്ചുവെന്നു കാണാവുന്നതാണ്. ഇന്ത്യയുടെ വിദൂരപ്രദേശങ്ങളെപ്പോലും പരസ്പരം ബന്ധിപ്പിക്കുന്നതിന് ഇതുമൂലം സാദ്ധ്യമായി. റെയിൽവേയുടെ വികസനം കാശ്മീരിനും കന്യാകുമാരിക്കുമിടയിലുള്ള മാസങ്ങളുടെ ദൂരത്തെ ദിവസങ്ങളുടേതാക്കി കുറച്ചു. ടെലഫോണിൻറെയും ടെലഗ്രാഫിൻറെയും വികസനം ഇന്ത്യയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളെപ്പോലും വിദൂരനഗരങ്ങളുമായി കണ്ണിചേർത്തു.
കേന്ദ്രീകൃതഭരണത്തിന്റെ ഫലങ്ങൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും (Nook and Corner) എത്തിക്കുന്നതിനും ഇതു സഹായകമായി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെ കണ്ണിചേർക്കുന്ന ശക്തങ്ങളായ സിരാപടലങ്ങളായി ഇവ പ്രയോജനപ്പെട്ടു. ഏക രാഷ്ട്രത്തിന്റെ അധികാരസീമയ്ക്കുള്ളിൽ ജനതയെ സംഘടിപ്പിക്കുന്നതിനും തജ്ജന്യമായ ദേശീയബോധം ജനതയിൽ വികാസം പ്രാപിക്കുന്നതിനും ഇതു കാരണമായി.
ചുരുക്കത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യയിലുണ്ടായ ദേശീയമായ ഉണർവ് വിവിധങ്ങളായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഘടകങ്ങളുടെ സമ്മിശ്ര സൃഷ്ടിയാണെന്ന് കാണാവുന്നതാണ്. ദേശീയബോധം ഇന്ത്യൻ ജനതയിലുളവാക്കിയ സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും വിദേശാധിപത്യത്തിനെതിരായ പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ പിറവികൊള്ളുന്നതിനു കാരണമായി. പിൽക്കാലത്ത് ആധുനിക ഇന്ത്യയുടെ രൂപീകരണത്തിന് വഴിവെച്ചതും ഇന്ത്യൻ ജനതയിൽ മുളപൊട്ടിയ ഈ ദേശീയ ബോധമാണെന്നു കാണാവുന്നതാണ്.