കേരള PSC യിലും ഉദ്യോഗാത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം: കേരള PSC ഇനി ഉദ്യോഗാർഥികളെ തിരിച്ചറിയൽ പരിശോധനക്ക് ഇനി ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. അഭിമുഖം,ഒറ്റത്തവണ പ്രമാണ പരിശോധന, കായിക ക്ഷമതാ പരീക്ഷ, പ്രയോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായി നടത്തുന്ന പരിശോധനക്കാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം ഉപയോഗിക്കുക.
ജനുവരി 10 മുതൽ നടത്തുന്ന അഭിമുഖങ്ങൾക്ക് ബയോമെട്രിക് പരിശോധന ആരംഭിച്ചു. ജനുവരി 16 മുതൽ നടത്തുന്ന കായിക ക്ഷമതാ പരീക്ഷ, ജനുവരി 24 മുതൽ നടത്തുന്ന ഒറ്റത്തവണ പ്രമാണ പരിശോധന എന്നിവയ്ക്കും ഇത് ഉപയോഗിക്കാനാണ് കമ്മീഷൻ യോഗം തീരുമാനിച്ചത്. പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുത്താം. അല്ലാത്തവരുടെ തിരിച്ചറിയൽ പരിശോധന നിലവിലുള്ള രീതിയിൽ തുടരുന്നതാണ്.
ആധാർ പരിശോധിക്കാൻ പി.എസ്.സി ക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് പരിഷ്കാരം നടപ്പിലാക്കുന്നത്. 64 ലക്ഷത്തോളം പേർ PSC യിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ഇതിൽ 48 ലക്ഷം പേർ രജിസ്ട്രേഷൻ ആധാറുമായി ബന്ധിപ്പിച്ചു. ഇവർക്കാണ് ബയോമെട്രിക് പരിശോധന നടത്തുന്നത്. മറ്റുള്ളവർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധന തുടരും.